ശബരിമല യുവതീ പ്രവേശനം; ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനത്തില്‍ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണയില്‍ വരികയെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള 2018 ലെ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ വിധി സമാനതകള്‍ ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. വിധി പുനപരിശോധിക്കണം എന്ന് ആവിശ്യപ്പെട്ട് നിരവധിപേര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം വിശാല ഭരണഘടന ബെഞ്ചിന് വിട്ടു. തുടര്‍ന്ന് വിശാല ബഞ്ച് രൂപീകരിച്ച് വാദം ആരംഭിച്ച എങ്കിലും കോവിഡ് മൂലം അതും പാതിവഴിയില്‍ മുടങ്ങി. ആ വിശാല ബെഞ്ചിലെ സര്‍വീസില്‍ അവശേഷിക്കുന്ന ഏക അംഗമാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രധാന പ്രതികരണം ഉണ്ടായത്.
മതാചാരങ്ങളില്‍ കോടതി ഇടപ്പെട്ട് ലിംഗസമത്വം ഉറപ്പാക്കണമോ എന്നതും പരിശോധിക്കാന്‍ ആണ് സുപ്രീംകോടതി ഒരുങ്ങുന്നത്. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും 9 അംഗ ഭരണഘടന സുപ്രീംകോടതി രൂപീകരിക്കുക.സങ്കീര്‍ണമായ നിയമ പരിശോധനകള്‍ ആയിരിക്കും ഇത് വഴിവയ്ക്കുക.



