മതപരിവര്‍ത്തന ആരോപണം: അമരാവതിയില്‍ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍; പ്രതിഷേധം ശക്തം

മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സിഎസ്ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസിനെയും ഭാര്യ ജാസ്മിന്‍ വില്യംസിനെയും ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തു. നടപടിയെ ശക്തമായി അപലപിക്കുന്നതായി സിഎസ്ഐ ബിഷപ് കൗണ്‍സില്‍ വ്യക്തമാക്കി.
ബജ്റംഗ് ദള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഒരു വിശ്വാസിയുടെ വീട്ടില്‍ പിറന്നാള്‍-ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് ഏകദേശം 30 ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സംഘര്‍ഷം സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ വില്യംസ് എന്നിവരടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റുമായി ബന്ധപ്പെട്ട വിവരം തേടി പൊലീസ് സ്റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും കേസെടുത്തു. കൂടാതെ പ്രാര്‍ത്ഥനയോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവം മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആരോപിച്ച് വിവിധ ക്രൈസ്തവ സംഘടനകളും നേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാകുകയാണ്.




