സിറ്റി ബസ് വിവാദം: മേയറിന് മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്തെത്തി. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും, കോര്‍പ്പറേഷന്‍ ബസുകള്‍ കേന്ദ്ര പദ്ധതിയിലൂടെ മാത്രം വാങ്ങിയതാണെന്ന് പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ബസുകള്‍ വാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ പങ്കാളിത്തമുണ്ടെന്നും, മൊത്തം ചെലവിന്റെ 60 ശതമാനവും സംസ്ഥാനത്തിന്റെ വിഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
113 ഇ-ബസുകള്‍ ഈ മാതൃകയിലാണ് വാങ്ങിയതെന്നും, ഇത് മൂന്ന് പാര്‍ട്ടികള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമാണെന്നും മന്ത്രി വിശദീകരിച്ചു. കോര്‍പ്പറേഷനിലെ കെഎസ്ആര്‍ടിസി ബസുകള്‍ മറ്റൊരു ജില്ലയിലും ഓടുന്നില്ലെന്നും, സങ്കീര്‍ണമായ മെയിന്റനന്‍സ് സംവിധാനമുള്ളതിനാലാണ് മറ്റ് ജില്ലകളില്‍ സര്‍വീസ് നടത്താത്തതെന്നും മന്ത്രി പറഞ്ഞു. ബാറ്ററി കേടായാല്‍ മാറ്റിവയ്ക്കാന്‍ 28 ലക്ഷം രൂപ വരെ ചെലവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയര്‍ ആവശ്യപ്പെട്ടാല്‍ 113 ബസുകളും 24 മണിക്കൂറിനുള്ളില്‍ കോര്‍പ്പറേഷനിലേക്ക് തിരികെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി സിഎംഡിക്ക് ഒരു കത്ത് നല്‍കിയാല്‍ മതി. പകരം നഗരത്തില്‍ 150 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോര്‍പ്പറേഷന് ബസുകള്‍ നല്‍കിയാല്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളില്‍ അവ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.




