ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു.
ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്. 2024ല്‍ സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടന്നിരുന്നു. ഈ ഘട്ടത്തിലാണ് സ്വര്‍ണ്ണപ്പാളി കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തേക്ക് വരുന്നത്.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന് പോറ്റി , ഗോവര്ദ്ധന്, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്കി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയെന്ന് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഉണ്ണികൃഷ്ണന് പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ എ പത്മകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം മാന്വല്‍ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുന്‍ ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി. പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് എ പത്മകുമാര്‍ എന്നാണ് എന്‍ വിജയകുമാറിന്റെ മൊഴി.




