തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിയ സിംഹവാലന്‍ കുരങ്ങ് തിരികെ കയറി; സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം പുനരാരംഭിച്ചു

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്തേക്ക് ചാടിയ സിംഹവാലന്‍ കുരങ്ങ് പിന്നീട് തിരികെ കൂട്ടിലേയ്ക്ക് കയറിയതായി മൃഗശാല അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന സന്ദര്‍ശക പ്രവേശനം വീണ്ടും ആരംഭിച്ചു. കുരങ്ങിനെ സുരക്ഷിതമായി കൂട്ടിലടച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
37 വയസ് പ്രായമുള്ള പെണ്‍ സിംഹവാലന്‍ കുരങ്ങാണ് മൃഗശാലയില്‍ നിന്ന് പുറത്തേക്ക് ചാടിപ്പോയത്. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ടിക്കറ്റ് കൗണ്ടര്‍ അടച്ചത്. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടര്‍ വീണ്ടും തുറക്കുകയും സന്ദര്‍ശകരെ അകത്ത് പ്രവേശിപ്പിക്കാനും തുടങ്ങി.
ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞുള്ള പ്രവേശന ഭാഗത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടുകള്‍ സ്ഥിതിചെയ്യുന്നത്. നിലവില്‍ മൃഗശാലയില്‍ ആറ് സിംഹവാലന്‍ കുരങ്ങുകളാണുള്ളത്. ഇതില്‍ മൂന്ന് ആണ്‍കുരങ്ങുകളും മൂന്ന് പെണ്‍കുരങ്ങുകളും ഉള്‍പ്പെടുന്നു.




