‘നേതാക്കൾ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത്’ ; ഓപ്പറേഷൻ സിന്ദൂർ, കൂടുതൽ വെളിപ്പെടുത്തലുമായി ആസിഫ് അലി സർദാരി

ലാർക്കാന: കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ സുരക്ഷിതമായ ബങ്കറിലേക്ക് മാറാൻ സൈന്യം തനിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വെളിപ്പെടുത്തി. തന്റെ ഭാര്യയും മുൻ പ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോയുടെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ച് സിന്ധ് പ്രവിശ്യയിലെ ലാർക്കാനയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “യുദ്ധം തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് എന്റെ മിലിട്ടറി സെക്രട്ടറി അടുത്തുവന്നു. ‘സർ, നമുക്ക് ബങ്കറിലേക്ക് മാറാം’ എന്ന് അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ഞാൻ അത് നിരസിച്ചു. രക്തസാക്ഷിത്വം വരിക്കാനുണ്ടെങ്കിൽ അത് ഇവിടെ വെച്ചാകട്ടെ. നേതാക്കൾ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത് എന്നാണ് ഞാൻ അദ്ദേഹത്തിന് നൽകിയ മറുപടി.”
സൈനിക നടപടികൾ തുടങ്ങുന്നതിന് നാല് ദിവസം മുൻപേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായും സർദാരി അവകാശപ്പെട്ടു. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറിനെ അദ്ദേഹം പ്രശംസിച്ചു. ആസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയത് പിപിപി ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും മുനീറിനെ പുകഴ്ത്തിയിട്ടുണ്ടെന്നും സർദാരി കൂട്ടിച്ചേർത്തു.
എട്ട് മാസത്തെ നിഷേധത്തിന് ശേഷം, മെയ് 10-ന് പുലർച്ചെ ഇന്ത്യ തങ്ങളുടെ നൂറ്‍ ഖാൻ വ്യോമതാവളം ആക്രമിച്ചതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ ആദ്യമായി സമ്മതിച്ചു. 36 മണിക്കൂറിനുള്ളിൽ ഇന്ത്യ 80 ഡ്രോണുകൾ അയച്ചു. ഇതിൽ 79 എണ്ണത്തെയും തടഞ്ഞു. എന്നാൽ ഒരെണ്ണം വ്യോമതാവളത്തിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും വെടിനിർത്തലിനായി ഇന്ത്യയുമായി സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ദാർ വെളിപ്പെടുത്തി. ഇന്ത്യ തന്നെ വെടിനിർത്തലിന് തയ്യാറാണെന്ന് മാർക്കോ റൂബിയോ ഫോണിലൂടെ അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.



