
കർണാടകയിലെ യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ വിവാദമായതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച ഉന്നതതലയോഗം ഇന്ന് നടക്കും. വൈകീട്ടു നടക്കുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുക്കും. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.
യുപിക്ക് സമാനമായി കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അപകടം മണത്ത എഐസിസി നേതൃത്വം, മുഖ്യമന്ത്രി സിദ്ധരാമയ്യയോടും, കെപിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന്, കുടിയൊഴിപ്പിച്ചവരെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഇടക്കാല പുനഃരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചിട്ടുള്ളത്. സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്.
ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളുടെ അടിത്തറ അടക്കം തകർത്തത്.




