KeralaNews

സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക.

പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം.

നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. കാസർകോട് പുല്ലൂർ- പെരിയ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തെ ചൊലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്.

24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തിൽ എല്‍ഡിഎഫും ട്വന്‍റി ട്വന്‍റിയും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ട്വന്‍റി ട്വന്‍റിക്ക് ആറ് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 11 ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് സമവായമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button