
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്.
ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ബാലമുരുകൻ. ഇതിനിടെ ബാലമുരുകനെ കാണാത്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബാലമുരുകൻ എത്തുമെന്ന കണക്ക് കൂട്ടലിൽ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
എന്നാൽ ബാലമുരുകൻ ആശുപത്രിയിൽ എത്തിയിരുന്നില്ല. ഇപ്പോൾ അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെ ബാലമുരുകൻ പിടിയിലാവുകയായിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും. തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. നവംബറിൽ ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂർ ജയിലിൽ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടൽ.




