
ആര്‍എസ്എസിന്റെ സംഘടനാ ശക്തിയെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ, സിങിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. അദ്ദേഹത്തെപ്പോലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹം തനിക്കുമുണ്ട്. സംഘടനയ്ക്കുള്ളില്‍ അച്ചടക്കം ഉണ്ടായിരിക്കേണ്ടത് യുക്തിസഹമായ കാര്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കത്തിന്റെയും ആഭ്യന്തര പരിഷ്കാരങ്ങളുടെയും ആവശ്യകതയും തരൂര്‍ ഊന്നിപ്പറഞ്ഞു. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അച്ചടക്കം അനിവാര്യമാണ്. നീണ്ട ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 140 വര്‍ഷത്തെ ചരിത്രമുണ്ട് കോണ്‍ഗ്രസിന്. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ഏതൊരു പാര്‍ട്ടിയിലും അച്ചടക്കം വളരെ പ്രധാനമാണ്. സംഘടനാപരമായ ശക്തിപ്പെടുത്തല്‍ ഒരു പൊതു ലക്ഷ്യമായി മാറേണ്ടതുണ്ട്. തരൂര്‍ പറഞ്ഞു.
ദിഗ് വിജയ് സിങ്ങിന്റെ വിശാലമായ വാദത്തെ പിന്തുണയ്ക്കുകയാണ്. രാഷ്ട്രീയ വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി നേരിടുന്നതിന് കോണ്‍ഗ്രസ് ആന്തരിക അച്ചടക്കവും സംഘടനാ ശക്തിയും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തരൂര്‍ പറഞ്ഞു. വിവാദത്തിന് ശേഷം ദിഗ് വിജയ് സിങ്ങുമായി സംസാരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ”ഞങ്ങള്‍ സുഹൃത്തുക്കളാണ്, സംഭാഷണം സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല” എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
താന്‍ ബിജെപിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. അതേസമയം ആർഎസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് തരൂർ മറുപടി നൽകിയില്ല. കോൺഗ്രസിന്റെ സ്ഥാപക ദിനത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ബിജെപിയും ആർഎസ്എസും താഴെത്തട്ടിലുള്ള പ്രവർത്തകരെ സംഘടനയ്ക്കുള്ളിൽ വളരാനും മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് എത്താനും അനുവദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുതിർന്ന നേതാവ് അഡ്വാനിയുടെ അടുത്ത് തറയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദിഗ് വിജയ് സിങിന്റെ കമന്റ്.

