National

പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

ഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്. ജനുവരി 5 മുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണം എന്നാണ് ആവശ്യം.

സ്ത്രീ ശാക്തീകരണവും നൂറ് തൊഴിൽ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പോരാട്ടം ആവർത്തിക്കും. പാർലമെന്‍റിന് പുറത്ത് പ്രതിഷേധം ശക്തമാക്കും. ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുകയാണ്. ഗാന്ധികുടുംബത്തെ അവർ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണം ഭരണഘടന തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം പ്രധാനമന്തി നരേന്ദ്ര മോദിയുടെ ഓഫീസ് നേരിട്ട് തീരുമാനിച്ചതാണ്. വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, മന്ത്രിമാർക്കൊന്നും അറിയില്ല. വൺമാൻഷോ മാത്രമാണ്. നോട്ട് നിരോധനം പോലെയൊരു തീരുമാനം. ഇതിന്‍റെ നേട്ടം എല്ലാ അർത്ഥത്തിലും അദാനിക്ക് മാത്രമാണ്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താൻ പറഞ്ഞിട്ട് കേന്ദ്ര വിഹിതമായ പണം അദാനിക്ക് പല വിധത്തിൽ എത്തിച്ച് നൽകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button