KeralaNews

ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തമിഴ്‌നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ്. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ്, ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സെര്‍ച്ച് വാറണ്ടുമായി തമിഴ്‌നാട്ടിലെത്തിയത്. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വില്‍ക്കുന്ന കടയും അന്വേഷണ സംഘം റെയ്ഡ് ചെയ്തു.

ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മണിയെ എസ്ഐടി നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. പഴയകാല കരകൗശല വസ്തുക്കളും ലോഹ ഉൽപ്പന്നങ്ങളും വിൽക്കുന്നതിന്റെ മറവിൽ, തട്ടിപ്പിലൂടെ വൻ തുക സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. സംഘത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ചിട്ടുള്ള വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർ തിരുവനന്തപുരത്ത് വെച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും, സ്വർണപ്പാളികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

എന്നാൽ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഡി മണി എന്നയാൾ താനല്ലെന്നാണ് എസ്ഐടി ചോദ്യം ചെയ്തയാൾ പറയുന്നത്. തന്റെ പേര് എംഎസ് മണിയെന്നാണ്. ബാലമുരുകൻ എന്ന സുഹൃത്ത് തനിക്കുണ്ട്. തന്റെ പേരിലെടുത്ത ഫോൺനമ്പർ കാലങ്ങളായി ബാലമുരുകൻ ഉപയോ​ഗിക്കുന്നുണ്ട്. ബാലമുരുകൻ ഈ നമ്പർ ഉപയോ​ഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തന്റെ അടുത്തെത്തിയത്. താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ്. സ്വർണക്കച്ചവടമില്ല. ശബരിമല സ്വർണക്കവർച്ചയുമായി തനിക്ക് ബന്ധമില്ലെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ലെന്നും എസ്ഐടിയോട് വ്യക്തമാക്കിയെന്നും, ചോദ്യം ചെയ്യലിനുശേഷം മണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button