നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വില്പ്പനക്കാരന് പരിക്കേറ്റിരുന്നു. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡിസംബർ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ സിദ്ധാര്‍ത്ഥ് പരമ്പരയില്‍ മഞ്ജു പിളളയുടെ മകനായാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയില്‍ അഭിനയം ആരംഭിച്ചത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നത്.




