സ്വർണ്ണ കൊള്ളക്കാരെ സംരക്ഷിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നു; വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇപ്പോഴും വിശ്വാസമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അവർക്ക് എതിരായി ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം അവർക്ക് ഉണ്ട്. വിഷയത്തിൽ കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ കേസ് ഇതുവരെ എത്തില്ലായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ അന്വേഷണം മന്ദഗതിയിൽ ആയെന്നും സ്വർണ്ണ കൊള്ളക്കാരെ സംരക്ഷിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു. സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നു. പാർട്ടിക്കാർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിന് ആയിട്ടില്ലെന്നും അദേഹം പറഞ്ഞു. പാർട്ടി കോടതി ഇതുവരെ കൂടിയില്ലേ എന്ന് അദേഹം പരിഹസിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ തള്ളിപ്പറയുന്നില്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം രണ്ടു മാസം കഴിഞ്ഞിട്ടും ശബരിമലയിൽ നിന്ന് കട്ടെടുത്ത സ്വർണം എവിടേയെന്ന് ചോദിച്ചാൽ എസ്.ഐ.ടിക്ക് ഉത്തരമില്ല. തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വർണ്ണം പ്രതികൾ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്. സ്വർണ്ണപ്പാളികളിൽനിന്നും എത്ര സ്വർണം നഷ്ടമായെന്നതിലും വ്യക്തയില്ല.രണ്ട് കിലോയോളം സ്വർണം നഷ്ടമായെന്നായിരുന്നു ആദ്യ നിഗമനം.അങ്ങനെയെങ്കിൽ പങ്കജ് ഭണ്ഡാരിയും ഗോവർധനും എടുത്തതായി പറയുന്ന 584 ഗ്രാമിനപ്പുറം ബാക്കി ഒന്നര കിലോ എവിടെയെന്ന് ഇത് വരെയും കണ്ടെത്താനായിട്ടില്ല.




