ടി.പി. ചന്ദ്രശേഖരന് വധക്കേസ്: പ്രതികള്‍ക്ക് വീണ്ടും പരോള്‍; സര്‍ക്കാരിനെതിരെ കെ.കെ. രമ എംഎല്‍എ

ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.കെ. രമ എംഎല്‍എ. പ്രതികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുകയാണെന്നും, ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പ്രതികളെ വിട്ടയക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് പുരോഗമിക്കുകയാണെന്നും കെ.കെ. രമ പ്രതികരിച്ചു.
ജയില്‍ അധികൃതര്‍ പറയുന്നത് നിയമാനുസൃതമായ പരോളാണെന്നാണെങ്കിലും, ഇതുപോലുള്ള ആനുകൂല്യങ്ങള്‍ ജയിലിലെ മറ്റ് തടവുകാര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് കെ.കെ. രമ ചോദിച്ചു. ടി.പി. വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നത്. ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന ചോദ്യവും കെ.കെ. രമ ഉന്നയിച്ചു. ഈ ക്രിമിനലുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ പുറത്ത് മറ്റ് ആളുകളും ഇടപെടുന്നുണ്ടെന്നും, അതിന് പിന്നില്‍ ആരാണെന്നത് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികളുടെ വീടുകളിലേക്ക് എല്ലാ മാസവും പണം എത്തുന്നുണ്ടെന്നും, അതിനുള്ള എല്ലാ സൗകര്യങ്ങളും സിപിഐഎം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കെ.കെ. രമ ആരോപിച്ചു. പ്രതികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും, സിപിഐഎം നല്കിയ വാഗ്ദാനത്തിന്റെ ഭാഗമായി ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുകയാണെന്നും കെ.കെ. രമ വ്യക്തമാക്കി.




