Blog

ഇന്ത്യക്ക് വമ്പൻ തോൽവി ; അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാന്. ഇന്ത്യയെ 191 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. പാകിസ്ഥാന്റെ രണ്ടാം കിരീടമാണിത്. 2012 ല്‍ ഇന്ത്യയും പാകിസ്ഥാനും സംയുക്ത ജേതാക്കളായിരുന്നു. ഇത്തവണ ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റൺസ് എടുത്തു. 113 പന്തില്‍ 172 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. 16 പന്തില്‍ 36 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

വൈഭവ് സൂര്യവന്‍ഷി (26), ആരോണ്‍ ജോര്‍ജ് (16), അഭിഗ്യാന്‍ കുണ്ടു (13), ഖിലന്‍ പട്ടേല്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട ഇന്ത്യന്‍ താരങ്ങള്‍. ആയുഷ് മാത്രെ (2), വിഹാന്‍ മല്‍ഹോത്ര (7), വേദാന്ത് ത്രിവേദി (9), കനിഷ്‌ക് ചൗഹാന്‍ (9), ഹെനില്‍ പട്ടേല്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വാലറ്റത്ത് ദീപേഷ് പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 16 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. പാകിസ്ഥാന് വേണ്ടി അലി റാസ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബ്ഹാന്‍, ഹുസൈഫ അഹ്‌സാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 113 പന്തില്‍ 172 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ ബാറ്റിംഗ് കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 44ാം ഓവറില്‍ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന് സമീര്‍ മിന്‍ഹാസിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ തകര്‍ച്ച നേരിട്ടു. മിന്‍ഹാസിനെ മടക്കിയതിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ ഒരു ഘടത്തില്‍ 375 കടക്കുമെന്ന് കരുതിയ പാകിസ്ഥാന്‍ സ്‌കോര്‍ 350ല്‍ ഒതുക്കി. മിന്‍ഹാസ് ഒമ്പത് സിക്‌സും 17 ഫോറും നേടി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേലും ഹെനില്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button