News

കനത്ത മഴ; യുഎഇയിലെ റോഡുകളില്‍ വെള്ളക്കെട്ട്

ദുബൈ: കനത്ത മഴയില്‍ ദുബൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ ലഘൂകരിക്കാനും രാത്രി മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുത്തത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം നിയന്ത്രിക്കാനും ജനവാസ മേഖലകള്‍ സുരക്ഷിതമാക്കാനും പൊലീസ് സേനയും മറ്റ് അടിയന്തര വിഭാഗങ്ങളും കര്‍മ്മനിരതരാണ്. ദുബൈയിലും ഷാര്‍ജയിലുമെല്ലാം പ്രധാന റോഡുകളില്‍ ടാങ്കറുകളെത്തി വെള്ളം വറ്റിക്കുന്ന ജോലികള്‍ തുടരുകയാണ്.

അയല്‍ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിച്ചു കൊണ്ട് അധികൃതര്‍ നേരത്തെ തന്നെ സുരക്ഷാ നടപടികള്‍ ആരംഭിച്ചിരുന്നു. പൊലീസിന്റെ പട്രോളിംഗ്, റെസ്‌ക്യൂ വിഭാഗങ്ങളുടെ ഏകദേശം 70 ശതമാനവും ഹത്ത ഉള്‍പ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. ഉദ്യോഗസ്ഥരുടെ ജോലി സമയം വര്‍ധിപ്പിച്ചു. 22 പ്രത്യേക രക്ഷാസംഘങ്ങളെയാണ് നിയോഗിച്ചത്. ഇതില്‍ 13 കരസേനാ ടീമുകളും കടല്‍തീരങ്ങള്‍ കേന്ദ്രീകരിച്ച് 9 കടല്‍ രക്ഷാസംഘങ്ങളും ഉള്‍പ്പെടുന്നു. വെള്ളക്കെട്ടുള്ള റോഡുകളില്‍ കുടുങ്ങിയ വാഹനങ്ങളെ സഹായിക്കാനും അപകട സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങള്‍, മലയോര മേഖലകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും പൊലീസ് ജാഗ്രത പുലര്‍ത്തി.

ദുബൈ പൊലീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ്, ദുബൈ ആംബുലന്‍സ് സര്‍വീസ്, ദേവ, ദുബൈ മീഡിയ ഓഫീസ് എന്നിവയുടെ സംയുക്ത ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത പരാതികള്‍ക്ക് 901 എന്ന നമ്പറിലും ബന്ധപ്പെടാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button