Kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തല്‍ ഖേല്‍ക്കര്‍ വിളിച്ച യോ?ഗത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. നിലവില്‍ 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്താണ്. എന്നാല്‍ യോഗത്തില്‍ ഈ കണക്കിനെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ഫോം നല്‍കിയിട്ടും തന്നെയും ഭാര്യയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. ഇനി വോട്ടുറപ്പിക്കാന്‍ ഉദ്യോഗസ്ഥ പ്രമാണിമാരുടെ പിന്നാലെ നടക്കണമെന്നും രാജാജി മാത്യു പറഞ്ഞു.

വോട്ടര്‍മാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള ബിഎല്‍ഒമാരുടെ റിപ്പോര്‍ട്ട് കളവാണെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തില്‍ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എംകെ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. എസ്‌ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാല്‍ ഇലക്ടറല്‍ രജിസ്‌ടേഷന്‍ ഓഫീസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ മറുപടി നല്‍കി.

നേരത്തെ, കേരളത്തില്‍ 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍, കണ്ടെത്താനാകാത്തവര്‍ എന്നിവര്‍ക്ക് പുറമേ ”മറ്റുള്ളവര്‍” എന്ന നിലയിലും വോട്ടര്‍ പട്ടികയില്‍ നിന്നും വലിയ തോതിലുള്ള ഒഴിവാക്കല്‍ നടക്കുന്നു- ആരാണ് ഈ ”മറ്റുള്ളവര്‍” എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അര്‍ഹരായ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button