News

മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആശ്വാസം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് അയച്ച നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിക്ക് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസിലെ തുടര്‍ നടപടിയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.

മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസിലും ഇഡിക്ക് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. മസാല ബോണ്ട്‌ ഇടപാടിലെ ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നടപടികളാണ് ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെ‌ഞ്ച് പൂര്‍ണമായും സ്റ്റേ ചെയ്തത്. എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്‌ബി സി ഇ ഒ, കെ എം എബ്രഹാം എന്നിവർക്കെതിരായ നോട്ടീസിൽ തുടർനടപടികളാണ് സ്റ്റേ ചെയ്തിരുന്നത്. കിഫ്‌ബിക്ക് നൽകിയ നോട്ടീസിലെ തുടർ നടപടികൾ കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ള മറ്റെല്ലാ എതിർകക്ഷികളും കോടതിയെ സമീപിച്ചത്. മസാല ബോണ്ട് വഴി വിദേശത്തുനിന്നും സമാഹരിച്ച പണം സംസ്ഥാന സർക്കാർ കേരളത്തിൽ റിയൽ എസ്റ്റേറ്റ്  ഇടപാടുകൾ ഉപയോഗിച്ചുവെന്നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആരോപണം. എന്നാൽ, റിയൽ എസ്റ്റേറ്റ് ഇടപാടല്ല, അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്നും ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഹര്‍ജിയിലെ വാദം.

എന്നാൽ, സിംഗിള്‍ ബെഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്നാണ് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button