തിരുവനന്തപുരം കോര്‍പ്പറേഷന്‍ തോല്‍വി: വിമര്‍ശനങ്ങള്‍ക്കിടെ നിലപാടുമായി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് നേരിട്ട തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രതികരണം. Not an inch back എന്ന വാചകമാണ് ആര്യ രാജേന്ദ്രന്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പങ്കുവച്ചത്. പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ശക്തമായ വിമര്‍ശനങ്ങളാണ് ആര്യയ്ക്കെതിരെ ഉയര്‍ന്നിരുന്നത്.
നാല്‍പ്പത് വര്‍ഷത്തിലേറെയായി ഇടതുപക്ഷത്തിന്റെ കോട്ടയായി കണക്കാക്കിയിരുന്ന തിരുവനന്തപുരം നഗരസഭ 50 സീറ്റുകളോടെ കൈവിട്ടതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്. ജനകീയത നഷ്ടപ്പെട്ടതും ഭരണശൈലിയിലെ പാളിച്ചകളും എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് ആരോപണം.
മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആര്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ജനകീയ സമീപനം ഇല്ലാതാക്കിയതും സ്വന്തം ഓഫീസിനെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസായി മാറ്റിയതും, പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവവും അധികാരത്തില്‍ താഴെയുള്ളവരോടുള്ള പുച്ഛവുമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നുമായിരുന്നു ഗായത്രിയുടെ വിമര്‍ശനം.
അതേസമയം, ഗായത്രി ബാബുവിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. വിഷയത്തില്‍ ഗായത്രിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.



