കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച ലോക്സഭാ എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍. സഭയിലെ പ്രവര്‍ത്തനം, പ്രതിപക്ഷം എടുക്കേണ്ട നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചത്. പങ്കെടുക്കാനാവില്ലെന്ന് തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹിയില്‍ ഇല്ലാത്തത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ശശി തരൂരിന്റെ വിശദീകരണം. പ്രഭ ഖൈതാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി തരൂര്‍ ഇന്നലെ കൊല്‍ക്കത്തയിലെത്തിയിരുന്നു. അവിടെനിന്നും സമയത്ത് ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് തരൂരിന്റെ വിശദീകരണം.
നവംബര്‍ 30-ന് നടന്ന കോണ്‍ഗ്രസ് സ്ട്രാറ്റജിക് ഗ്രൂപ്പ് മീറ്റിംഗിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. അന്ന് താന്‍ വിമാനത്തിലായിരുന്നെന്നും കേരളത്തിലേക്ക് വരികയായിരുന്നു അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് തരൂര്‍ അന്ന് നല്‍കിയ വിശദീകരണം. നേരത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ 12 സംസ്ഥാനങ്ങളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നപ്പോഴും തരൂര്‍ വിട്ടുനിന്നിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും യോഗത്തിനെത്താതിരുന്ന തരൂര്‍ അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പോസ്റ്റുമിട്ടിരുന്നു.


