രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന് ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല സന്ദര്‍ശനത്തിൻ്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. ചെലവായ തുകയുടെ വിവരാവകാശരേഖ പുറത്ത്. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിർമ്മിച്ച ഹെലിപ്പാഡിനാണ് 20.7 ലക്ഷം രൂപ ചെലവായത്. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ ചോദ്യത്തിലാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്.
ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്‍റെ കോണ്‍ക്രീറ്റിൽ താണ് പോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു.

