News

സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി ; സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും

ഡൽഹി : വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു.

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചു. സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ.

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയിരുന്നില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടാവാത്ത സാഹചര്യത്തിൽ കോടതി തന്നെ നിയമനം ഏറ്റെടുത്തിരിക്കുകയാണ്. ഓരോ പേര് മുദ്ര വച്ച കവറിൽ നൽകാനാണ് ജസ്റ്റിസ് ധൂലിയ സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button