തദ്ദേശ തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടം, വോട്ടെടുപ്പ് തുടരുന്നു, പലയിടത്തും മെഷീൻ പണിമുടക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
മന്ത്രി എം ബി രാജേഷ് കൈലിയാട് കെ വി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. 15-ാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. അച്ഛൻ ബാലകൃഷ്ണൻ മാമ്പറ്റ, അമ്മ രമണി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. രാവിലെ 9 30 ഓടെയാണ് വോട്ട് ചെയ്യാൻ എത്തിയത്.
കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സി.പി.എം പാർട്ടി ഓഫീസ് പൊലീസ് എത്തി പൂട്ടിച്ചു. ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്. ഓഫീസ് പൂട്ടിക്കാനായി എത്തിയ സമയം എൽ ഡി എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെയാണ് സിപിഎം പാർട്ടി ഓഫീസ് പൊലീസ് പൂട്ടിച്ചത്. അതേസമയം പോളിങ് സ്റ്റേഷനിലുണ്ടായ തേനീച്ച ആക്രമണത്തില് നിരവധി പേർക്ക് പരിക്ക്. വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


