Kerala

നടിയെ ആക്രമിച്ച കേസ് ; വിധിക്ക് ഇനി മൂന്നു നാള്‍ , ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നിൽക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമ വിധി വരുക. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇത്തരത്തിൽ മറ്റു പേരുകള്‍ നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. ‘Dil Ka’ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം.

കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ് വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു. 2012ൽ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍റെ വാദത്തിലുണ്ട്. ദിലീപിന്‍റെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. മറ്റു പേരുകളിൽ വന്ന മേസജിൽ സംശയം തോന്നിയതോടെ മഞ്ജുവാര്യര്‍ സംയുക്താ വര്‍മ്മയ്ക്കും ഗീതു മോഹൻദാസിനുമൊപ്പം നടിയെ പോയി കാണുകയായിരുന്നു. തുടര്‍ന്ന് നടി ഇക്കാര്യം പറയുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.

2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്കാണ് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസിൽ പ്രതികളായത്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തിൽ ദിലീപിനെ പ്രതിചേര്‍ത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button