എച്ച്1ബി വിസ: അപേക്ഷകര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണം, ഉത്തരവിട്ട് ട്രംപ്

അമേരിക്കയില്‍ എച്ച്1ബി, എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്നവരും ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്ന് നിര്‍ദേശം. അപേക്ഷകരുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ അറിയുന്നതിനാണിത്. ഈ മാസം 15 മുതല്‍ അവലോകനം ആരംഭിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ഉത്തരവില്‍ പറഞ്ഞു.
നേരത്തെ വിദ്യാര്‍ഥികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവര്‍ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുന്‍പേ നിര്‍ബന്ധമാക്കിയിരുന്നു. യുഎസ് വിസ ഒരു സവിശേഷ ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു. അതിനാല്‍ യുഎസിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് നിസ നിഷേധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുടിയേറ്റ ചട്ടങ്ങള്‍ ശക്തമാക്കാന്‍ ട്രംപ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ഏറ്റവും പുതിയതാണ് ബുധനാഴ്ച പുറത്തിറങ്ങിയ ഉത്തരവ്. യുഎസിലെ ഐടി കമ്പനികള്‍ വിദേശത്തുനിന്നുള്ള വിദഗ്ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കുന്നതിന് ഉപയോഗിക്കുന്ന വിസയാണ് എച്ച്1 ബി. ഇന്ത്യക്കാര്‍ കൂടുതലായി എത്തുന്ന വിസയാണിത്.



