News

സമ​ഗ്ര ശിക്ഷ പദ്ധതി ; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്, കേരളത്തിന് ലഭിച്ചത് കുറഞ്ഞ തുക

സമ​ഗ്ര ശിക്ഷ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്. 2022 മുതൽ ഇതുവരെ 1572.75 കോടി രൂപ കേരളത്തിന് നൽകാമെന്ന് അറിയിച്ചെങ്കിലും 412.23 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചത് 92.41 കോടി, പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഈ തുക നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പണം അനുവദിക്കാതിരുന്നത്. തമിഴ്നാടിനും 2024-25 മുതൽ പണം നൽകിയില്ല. എന്നാൽ, ഈ വർഷം കോടതി ഉത്തരവിനെ തുടർന്ന് 450.60 കോടി നൽകി. പശ്ചിമബം​ഗാളിന് കഴിഞ്ഞ വർഷവും ഈ വർഷവും ഒരു രൂപ പോലും നൽകിയിട്ടില്ല. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആയിരക്കണക്കിന് കോടി രൂപ വർഷം തോറും കൈപ്പറ്റുമ്പോഴും കേരളം, തമിഴ്നാട്, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങൾക്ക് പിഎം ശ്രീയിൽ ചേർന്നില്ലെന്ന കാരണം പറഞ്ഞാണ് ഫണ്ട് തടയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പിഎം ശ്രീ. പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പിഎം ശ്രീ പൂര്‍ണമായ പേര്. ഓരോ ബ്ലോക്കിലെയും തെരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച്, മികച്ച പഠന കേന്ദ്രമാക്കി മാറ്റുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസ നയത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം പദ്ധതിയെ തുടക്കം മുതൽ എതിർക്കുന്നു. പിഎം ശ്രീ സ്‌കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കേണ്ടി വരും. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 14,500 സ്കൂളുകളെയാണ് സമഗ്രമായി നവീകരിക്കുക.

പിഎം ശ്രീയിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി, കായിക സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അഞ്ച് വർഷത്തേക്ക് ഒരു കോടി രൂപ വരെ ലഭിക്കും. ഇതിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആയിരിക്കും. കേരളത്തിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും രണ്ട് സ്കൂളുകൾ വീതം മുന്നൂറോളം സ്‌കൂളുകൾക്ക് പദ്ധതിയുടെ പ്രയോജനം കിട്ടിയേക്കും. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ ഫണ്ട് കഴിഞ്ഞ വർഷമാണ് കേന്ദ്രം തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button