Kerala

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ല കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ബാധിക്കില്ലെന്നും അദേഹം പറഞ്ഞു. എന്നാൽ പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ കെ സി വേണുഗോപാൽ പ്രതികരിച്ചില്ല.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട നേതാക്കളും വ്യക്തമാക്കിയതാണ്. ഈ വിഷയം മാത്രമാണോ ചർച്ച ചെയ്യാനുള്ളത്. കേരള സർക്കാരിന്റെ വിഷയങ്ങൾ ചർച്ചചെയ്യാനില്ലേയെന്ന് കെ സി വേണു​ഗോപാൽ ചോദിച്ചു. രാഹുൽ വിഷയത്തിൽ പാർട്ടി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കോൺ​ഗ്രസ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും ഭിന്നാഭിപ്രായമില്ലെന്നും അദേഹം വ്യക്തമാക്കി

കേരളത്തിലെ സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അത് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കോൺഗ്രസും യുഡിഎഫും ദിശാബോധത്തോടെയാണ് നീങ്ങുന്നത്. മോദി സർക്കാരിന്റെ പരിപാടികൾ നടപ്പാക്കാനുള്ള തിടുക്കമാണ് പിണറായി സർക്കാരിനുള്ളതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മോദിക്ക് മുന്നിൽ വിധേയനായി നിന്നുകൊണ്ട് വർഗീയ നയങ്ങൾ നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാരെന്ന് അദേഹം പറഞ്ഞു.

ശശി തരൂരിന്റെ ഭിന്നാഭിപ്രായം കോൺഗ്രസിലെ ജനാധിപത്യത്തിന്റെ ബ്യൂട്ടി എന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസിൽ ആർക്കും അഭിപ്രായവും പറയാൻ സ്വാതന്ത്ര്യമുണ്ട്. എത്ര ശക്തമായാണ് തിരഞ്ഞെടുപ്പിൽ മോദിയെ എതിർത്ത് തോൽപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചതെന്ന് ഭിന്നാഭിപ്രായം പറയുന്നവർ ആലോചിക്കണമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടി കോൺഗ്രസിനെ ലക്ഷ്യമിട്ടാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഈ കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ട. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിൽ പുതുമ ഇല്ലല്ലോ എന്നും കെ സി വേണുഗോപാൽ കൊച്ചിയിൽ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button