Blog

രാഹുലിനെതിരായ ലൈംഗിക പീഡന പരാതി ; നീക്കങ്ങൾ വേ​ഗത്തിൽ, യുവതിയുടെ മൊഴിയെടുക്കും

യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.

അതേ സമയം, യുവതിയുടെ ലൈം​ഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നീക്കം തുടങ്ങി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.

ഷാഫിയുടെ പ്രതികരണം
രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷമായിരിക്കും. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫി മറുപടി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button