
ഇന്ത്യയിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. പ്രധാനമന്ത്രി മതധ്രുവീകരണം നടത്തുകയാണ്. ബി ജെ പി ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് പഴയ നിലപാട് മാറ്റി ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നു. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും ആശയം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയമായി മാറി. ഇടതുപക്ഷത്തിൻ്റെ പോരാട്ടം എല്ലാ വർഗീയതയും ചെറുക്കാനാണ്. കേരളത്തിൽ ഒരു വർഗീയ വാദവും അനുവദിക്കില്ല. വർഗീയതയ്ക്ക് എതിരെ പൊരുതുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളല്ല വർഗ്ഗീയ വാദികൾ, വർഗീയവാദികൾക് വിശ്വാസമില്ല. അതിദാരിദ്ര്യത്തിൽ നിന്നും മോചിതമാകുന്ന സംസ്ഥാനമായി കേരളത്തെ ഇടതുപക്ഷം അടയാളപ്പെടുത്തി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടോളം ഈ നേട്ടം കൈവരിക്കാൻ കഴിയില്ല. യു ഡി എഫ് സർക്കാർ ക്ഷേമ പെൻഷനിൽ 100 രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. വർദ്ധിപ്പിച്ച പെൻഷൻ അടക്കം കുടിശ്ശികയാക്കി. ഒന്നാം പിണറായി സർക്കാരാണ് കുടിശ്ശികയടക്കം കൊടുത്ത് തീർത്തത്. കഴിഞ്ഞ തവണ പ്രകടന പത്രികയിൽ പറഞ്ഞത് 2500ആയി പെൻഷൻ വർദ്ധിപ്പിക്കുമെന്നാണ്. എന്നാല്‍ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധം വെല്ലുവിളിയായി. 2000 രൂപയായി പെൻഷൻ വർദ്ധിപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ കൃത്യമായി വിഹിതം നൽകിയാൽ 3000 രൂപയായി പെൻഷൻ ഉയർത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീവിമോചനത്തിൻ്റെ കൃത്യമായ അർത്ഥമാണ് സ്ത്രീകൾക്ക് 1000 രൂപ വീതം നൽകുന്നത്. ഇടുക്കി ജില്ലയിലെ 51 പഞ്ചായത്തിൽ 40ൽ അധികം പഞ്ചായത്തിൽ ഇടതുപക്ഷം ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലും വലിയ വിജയം ഇടതുപക്ഷം നേടും. ജില്ലാ വികസന സപ്ലിമെൻ്റിൻ്റെയും എൽ ഡി എഫ് പ്രകടന പത്രികയുടെയും പ്രകാശനത്തിനിടെയാണ് അദ്ദേഹം പറഞ്ഞത്. സമഗ്രാധിപത്യം ഇടതുപക്ഷത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.



