Kerala

എസ്‌എസ്‌കെ ഫണ്ട് വിവാദം: ശിവൻകുട്ടിയുടെ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖർ, ‘ഇവർ അഞ്ചുകൊല്ലവും ഒന്നും ചെയ്തില്ല’

എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തള്ളി. സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള ‘കഥകൾ’ മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അഞ്ച് വർഷം കൊണ്ട് ഒന്നും നടന്നില്ലെങ്കിൽ ഇങ്ങനെ കഥകൾ പറയുമെന്നും ജനങ്ങൾ വിഡ്ഢിയാണോയെന്നാണോ വിചാരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ‘ഇവർ അഞ്ചുകൊല്ലവും ഒന്നും ചെയ്തില്ല. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവർക്ക് നല്ലൊരു മറുപടി നൽകും’. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌എസ്‌കെ ഫണ്ട് തടഞ്ഞുവെക്കുന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി വി.ശിവൻകുട്ടി ഉയർത്തിയത്. ഫണ്ട് തടഞ്ഞുവെക്കാൻ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രിമാരും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ആരോപണം മാത്രമല്ലെന്നും തനിക്ക് കിട്ടിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഫണ്ട് ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കേരളം വീണ്ടും കത്ത് നൽകി.

രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണം. 2025-26 വർഷത്തിൽ 456 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ ഒന്നാം ഗഡുവായ 92.41 കോടി രൂപ മാത്രമാണ് ലഭിച്ചത്. 440.87 കോടി രൂപയാണ് 2023-24 ൽ ലഭിക്കാനുള്ളത്. ആകെ 1158 കോടി രൂപയാണ് ലഭിക്കേണ്ടത്. ഈ തുക ഉടൻ ലഭിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button