Blog

ചണ്ഡിഗ‍ഡ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലായേക്കും ; ബില്ല് അവതരിപ്പിക്കാൻ നീക്കം

ചണ്ഡിഗഡിനെ പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കവുമായി കേന്ദ്രം. ആർട്ടിക്കിൾ 240ന് കീഴിൽ ചണ്ഡിഗഡിനെ ഉൾപ്പെടുത്താനുള്ള ബില്ല് ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര സർക്കാർ നീക്കം പഞ്ചാബിന്‍റെ അവകാശങ്ങള്‍ക്കുള്ള മേലുള്ള കടന്നു കയറ്റമെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടിയും, കോൺഗ്രസും രംഗത്തെത്തി. അതേസമയം, അന്തിമ തീരുമാനമായിട്ടില്ലെന്നും ചണ്ഡിഗഡിൽ ലെഫ്റ്റ്നന്‍റ് ഗവര്‍ണറെ നിയമിക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ പാര്‍ലമെന്‍റിനാണ് പഞ്ചാബിന്‍റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡിഗഡിന്‍റെ മേല്‍നോട്ട ചുമതല. ചണ്ഡിഗഡിനെ ആർട്ടിക്കിൾ 240ന് കീഴിൽ ഉൾപ്പെടുത്തിയാൽ മേൽനോട്ട ചുമതല രാഷ്ട്രപതിക്ക് കീഴിൽ വരും. ഇതിലൂടെ ചണ്ഡിഗഡിന് പ്രത്യേകമായി ഒരു ലഫ്റ്റനന്‍റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള അധികാരം കേന്ദ്രത്തിന് നൽകും.

നിലവിൽ പഞ്ചാബ് ഗവർണർക്കാണ് ചണ്ഡിഗഡിന്‍റെ അഡ്മിനിസ്ട്രേറ്റർ എന്ന അധിക ചുമതല. ബില്ല് പാസായാൽ നിയന്ത്രണം പൂർണമായും കേന്ദ്രത്തിലേക്ക് മാറും. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ എന്ന പേരിലാകും ബില്ല് അവതരിപ്പിക്കുക. എന്നാൽ കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ എതിർപ്പാണ് പഞ്ചാബിൽ ഉയരുന്നത്. തലസ്ഥാന നഗരമെന്ന നിലയിൽ ചണ്ഡിഗഡിനുമേൽ പഞ്ചാബിന് അവകാശ വാദങ്ങളുണ്ട്. ഫരീദാബാദിൽ നടന്ന വടക്കൻ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ചണ്ഡിഗഡ് പഞ്ചാബിന് കൈമാറണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം. കേന്ദ്രത്തിന്‍റെ ഈ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കേന്ദ്രത്തിലെ ബിജെപി സർക്കാർ പഞ്ചാബിന് അതിന്‍റെ തലസ്ഥാന നഗരത്തിന്മേലുള്ള അവകാശത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇരുകൂട്ടരും ആരോപിച്ചു. പഞ്ചാബിന്‍റെ ഭരണഘടന അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഇതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. എന്നാൽ, ചണ്ഡിഗഡിന്‍റെ വികസനം മാത്രമാണ് നീക്കത്തിന് പിന്നിലെന്നാണ് ബിജെപി വാദം. ശൈത്യകാല സമ്മേളനത്തിൽ ബില്ല് കൊണ്ട് വരും എന്നു തന്നെയാണ് സഭ ബുള്ളറ്റിനുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്നും പുതിയ നിര്‍ദേശം ചണ്ഡിഗഢിന്‍റെ ഭരണക്രമീകരണങ്ങളിലോ പഞ്ചാബും ഹരിയാനയുമായുള്ള ചണ്ഡിഗഢിന്‍റെ ബന്ധങ്ങളിലോ മാറ്റം വരുത്തുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button