InternationalNews

‘ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം’; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ജി-20 സംയുക്തപ്രഖ്യാപനം

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരവാദത്തേയും ശക്തമായി നേരിടണം. ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്‍കരുതെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു. പ്രഖ്യാപനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഉച്ചകോടിയില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നില്ല.

മയക്കുമരുന്നിനെതിരെ ജി-20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ വസ്തുക്കളുടെ വ്യാപനം തടയണം. ധനകാര്യം, ഭരണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നില്‍ക്കണം. എങ്കില്‍ മാത്രമേ മയക്കുമരുന്ന്-ഭീകര സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ കഴിയൂ. മയക്കുമരുന്നിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

വനിതകള്‍ നയിക്കുന്ന വികസനത്തിന് ഊന്നല്‍ നല്‍കണം എന്ന ഇന്ത്യയുടെ നിലപാടും സംയുക്ത പ്രഖ്യാപനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ -കാനഡ- ഓസ്‌ട്രേലിയ സാങ്കേതി സഹകരണ കൂട്ടായ്മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ജി 20 നേതാക്കളുടെ അത്താഴ വിരുന്നിലും മോദി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button