National

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ നാളെ അധികാരമേൽക്കും ; ആഭ്യന്തര വകുപ്പിനും, സ്പീക്കര്‍ സ്ഥാനത്തിനും അവകാശം ഉന്നയിച്ച് ബിജെപിയും, ജെഡിയുവും

പുതിയ സര്‍ക്കാര്‍ നാളെ ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ ആഭ്യന്തര വകുപ്പിനും, സ്പീക്കര്‍ സ്ഥാനത്തിനും മത്സരിച്ച് അവകാശവാദം ഉന്നയിച്ച് ബിജെപിയും, ജെഡിയുവും. കൂടുതല്‍ സീറ്റ് കിട്ടിയിട്ടും മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്‍കിയതിനാല്‍ ആഭ്യന്തര വകുപ്പിന്‍റെ കാര്യത്തില്‍ ജെഡിയു വിട്ടുവീഴ്ച ചെയ്യണമെന്നാണ് ബിജെപിയുടെ നിലപാട്. അമിത്ഷായുടെ കൂടി സാന്നിധ്യത്തില്‍ വൈകീട്ട് പാറ്റ്നയില്‍ എന്‍ഡിഎയുടെ നിയമസഭ കക്ഷി യോഗം ചേരും.

മുഖ്യമന്ത്രി പദത്തില്‍ പത്താം ഊഴത്തിന് വീണ്ടും നിതീഷ് കുമാറെത്തുകയാണ്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങള്‍ക്കും, ജെപി മൂവ്മെന്‍റിനുമൊക്കെ സാക്ഷിയായ പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നാളെ രാവിലെ പതിനൊന്നരക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങിന് രണ്ട് ലക്ഷം പേരെങ്കിലും സാക്ഷിയാകും. നിതീഷ് കുമാറിനൊപ്പം 20ലധികം പേര്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ബിജെപിക്ക് 16 വരെ മന്ത്രി സ്ഥാനങ്ങള്‍ കിട്ടാം, ജെഡിയുവിന് 14, എല്‍ജെപിക്ക് മൂന്ന്, ഹിന്ദു സ്ഥാനി അവാം മോര്‍ച്ചക്കും, ആര്‍എല്‍എമ്മിനും ഒന്നുവീതം എന്നതാണ് നിലവിലെ ധാരണ. ആഭ്യന്തര വകുപ്പിനായി ബിജെപി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. കഴിഞ്ഞ തവണ കൈയിലുണ്ടായിരുന്ന വകുപ്പ് അതുകൊണ്ട് തന്നെ വിട്ട് നല്‍കാന്‍ ജെഡിയുവിന് താല്‍പര്യമില്ല. വിദ്യാഭ്യാസ വകുപ്പിലും ബിജെപി അവകാശവാദം ഉന്നയിക്കുന്നു. പകരം ധന, ആരോഗ്യ വകുപ്പുകള്‍ ജെഡിയുവിന് നല്‍കാമെന്നാണ് ഓഫര്‍.

സ്പീക്കര്‍ കസേരക്കായും പിടിവലിയുണ്ട്. ബിജെപിയില്‍ മുന്‍ മന്ത്രി പ്രേം കുമാറും,ജെഡിയുവില്‍ വിജയ് ചൗധരിയുമാണ് പരിഗണനയിലുള്ള നേതാക്കള്‍. അവസാന ഘട്ടമെത്തുമ്പോഴേക്കും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ക്കും ബിജെപി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. സമ്രാട്ട് ചൗധരി തുടരാന്‍ സാധ്യതയുള്ളപ്പോള്‍,കഴിഞ്ഞ തവണത്തേതുപോലെ ആദ്യ ഘട്ടത്തില്‍ വനിത നേതാവിനെ കൂടി പരിഗണിക്കാനും സാധ്യതയുണ്ട്. നേരത്തെ ഒരു ഉപമുഖ്യമന്ത്രി സ്ഥാനം എല്‍ജെപിക്ക് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രി സ്ഥാനങ്ങളിലേക്ക് ബിജെപി കൂടുതല്‍ പുതുമുഖങ്ങളെ കൊണ്ടു വന്നേക്കും. ജെഡിയുവിന്‍റെ പരിഗണനയിലും പുതുമുഖങ്ങളുണ്ട്. ഇന്ന് വൈകുന്നരം ഇരുപാര്‍ട്ടികളുടെയും യോഗങ്ങള്‍ പാറ്റ്നയില്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം തെളിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button