പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പ് ; എസ് സുരേഷിന് തിരിച്ചടി, 43 ലക്ഷം തിരിച്ചടയ്‌ക്കണം; ഉത്തരവിട്ട് സഹകരണ വകുപ്പ്
പെരിങ്ങമല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന് തിരിച്ചടി. 43 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടു. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്. ബാങ്കിന് 4.16 കോടിയുടെ നഷ്ടമാണുണ്ടായത്. ബാങ്ക് പ്രസിഡൻ്റ് 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. ബാങ്ക് പ്രസിഡൻ്റ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ് ജി പത്മകുമാറാണ്.
അതേസമയം, ഭരണസമിതിയിൽ 16 പേരാണുണ്ടായിരുന്നത്. ഇതിൽ ഏഴു പേർ 46 ലക്ഷം വീതം തിരിച്ചടയ്ക്കണം. 9 പേർ 16 ലക്ഷം വീതം തിരിച്ചടയ്ക്കണം. ഭരണസമിതിയിലുള്ളവര്‍ നിയമ ലംഘിച്ച് വായ്പയെടുത്തുവെന്ന് സഹകരണ വകുപ്പിൻ്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാടില്ലെന്നുള്ള വ്യവസ്ഥ നിലനില്‍ക്കെയാണ് സഹകരണ ചട്ടം ബിജെപി നേതാക്കൾ ലംഘിച്ചത്.
അതേസമയം, ഇതേ നേതാക്കള്‍ തന്നെയാണ് തിരുമല അനിലിനെയും കൈവിട്ടത്. അനിലിൻ്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയിൽ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം പറഞ്ഞിരുന്നു. തുടർന്ന് ഗത്യന്തരമില്ലാതെയാണ് അനിൽ ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിനും ബിജെപി ബാങ്കിൽ നിന്ന് പണം കിട്ടാനുണ്ട്.


