NationalNews

വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍ ; ആരോപണവുമായി കോണ്‍ഗ്രസ്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് രാജേഷ് റാം പറഞ്ഞു.

വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഗുരുതരമായ അപാകതകള്‍ നടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടുകള്‍ മോഷ്ടിക്കാനാണ് അധികൃതര്‍ ശ്രമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടക്കാമെങ്കില്‍, ഇവിടെയും അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ കരുതാനാകും. ?. പ്രതിപക്ഷമോ ജനങ്ങളോ അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. തൊഴിലില്ലായ്മ, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, കുടിയേറ്റ പ്രശ്‌നങ്ങള്‍ ഇവയിലെല്ലാം വോട്ടര്‍മാര്‍ക്ക് ഭരണകൂടത്തോട് കടുത്ത നീരസം ഉണ്ടായിരുന്നുവെന്നും രാജേഷ് റാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലാവരു പറഞ്ഞു. ഇപ്പോഴത്തേത് പ്രാരംഭ സൂചനകള്‍ മാത്രമാണ്. അന്തിമഫലം വന്നതിനുശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്. എന്നാല്‍ ലീഡില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button