
ബിഹാറിൽ ആര് വിജയിക്കൊടി പാറിക്കുമെന്ന് നാളെയറിയാം. 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാം. എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി.
അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയ ചരിത്രം ബിഹാറിനുണ്ട്. സംസ്ഥാന ചരിത്രത്തിലെ തന്നെ റെക്കോർഡ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇത് ഭരണ വിരുദ്ധ വികാരത്തെ സൂചിപ്പിക്കുന്നതായി മഹാസഖ്യം അവകാശപ്പെടുന്നു. എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്. ഒപ്പം പോളിംഗ് 5% ത്തിൽ അധികം വർദ്ധിച്ചാൽ ഭരണമാറ്റം ഉണ്ടാവുന്നതുമാണ് ചരിത്രം. ഈ കണക്കുകളിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷകൾ.




