‘ക്രിസ്തീയ സമുദായം മാറ്റി നിര്‍ത്തപ്പെടുന്നു’ ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീത് നല്‍കി കെസിബിസി

തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീത് നല്‍കി കെസിബിസി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, മറ്റുമേഖലകളിലെ പ്രാതിനിധ്യം എന്നീ കാര്യങ്ങളില്‍ ക്രിസ്തീയ സമുദായം മാറ്റി നിര്‍ത്തപ്പെടുന്നു. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നീതി അകലെയാണ്. ഇത് മനസ്സില്‍ കരുതി വേണം തെരഞ്ഞെടുപ്പിനെ കാണാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തൃശൂരില്‍ അതിരൂപതയുടെ സമുദായ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സമുദായം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടി ആഞ്ഞടിച്ചത്. നീതിക്കു വേണ്ടിയുള്ള പോരാട്ടം വിമോചന സമരമായി ചിത്രീകരിക്കുന്നവര്‍ മനസ്സിലാക്കിക്കോളു , ഒരു നവയുഗ വിമോചന സമരത്തിലേക്ക് ഞങ്ങളെ തള്ളിവിടരുത്. ഈ സാഹചര്യങ്ങളെ എല്ലാം ഉള്‍ക്കൊണ്ട് വേണം വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഭിന്നശേഷി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു. സമുദായത്തിലെ യുവാക്കളെ മോഹനവാഗ്ദാനം നല്‍കി വഴിതെറ്റിക്കുന്ന മാഫിയകള്‍ക്കെതിരെ ക്രിസ്തുവിന്റെ ചമ്മട്ടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായി.



