തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല; പ്രശാന്തിനെ മാറ്റും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരല്‍ചൂണ്ടിയതോടെയാണ് സര്‍ക്കാര്‍ മുന്‍ തീരുമാനം മാറ്റുന്നത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ധാരണയിലെത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12 ന് അവസാനിക്കുകയാണ്. ഈ മാസം 16 ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്റെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.
2019 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോര്‍ഡും സംശയനിഴലിലായത്. ഈ സാഹചര്യത്തില്‍ നിലവിലെ ബോര്‍ഡിനെ തുടരാന്‍ അനുവദിച്ചാല്‍ കോടതിയില്‍ നിന്നടക്കം തിരിച്ചടിയായേക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്. ബോർഡിന്റെ കാലാവധി നീട്ടി ഓര്‍ഡിനന്‍സ് പാസ്സാക്കിയാലും കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഒപ്പിടാതിരിക്കാനുള്ള സാഹചര്യവുമുണ്ട്.



