ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണൽ.കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയര്‍ത്തിയാണ് ബിജെപിയും ജെഡിയുവും പ്രതിരോധിക്കുന്നത്.



