ശബരിമല സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ ? ഹൈക്കോടതിക്ക് സംശയം, പരിശോധിക്കാൻ നിർദ്ദേശം

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്.
ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നത്. വൈകിട്ടോടെയാണ് കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. കണ്ടെടുത്ത സ്വര്‍ണപ്പാളി യഥാര്‍ത്ഥമാണോയെന്നും അല്ലെങ്കിൽ അതും ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയോ എന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വര്‍ണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽ പാളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


