Kerala

ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു; അബ്ദുള്ളക്കുട്ടി

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ഗോവിന്ദനോട് കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി ജയരാജന്‍ ഒരു പുസ്തകം എഴുതിയാല്‍ ഇ പി ജയരാജന്റെ കഥകള്‍ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ബിജെപിക്ക് താത്പര്യമില്ലായിരുന്നെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.

അതിനിടെ ആത്മകഥയിലെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ രംഗത്തുവന്നു. പുസ്തകം വായിച്ചിരുന്നെങ്കില്‍ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കില്‍ കണ്ണൂരില്‍ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആത്മകഥയിലെ ഇ പി ജയരാജന്റെ വിമര്‍ശനത്തില്‍ പ്രതികരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തയ്യാറായില്ല. വിവാദത്തില്‍ നേതൃത്വം കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വിമര്‍ശനം.

ഇപി ജയരാജന്റെ ആത്മകഥയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനമുണ്ട്. വൈദേകം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ലെന്നും പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലര്‍ ചെയ്തതെന്നുമാണ് വിമര്‍ശനം.

ദിവസങ്ങളോളം വാര്‍ത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചത്. ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകതയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button