News

പ്രധാനമന്ത്രി ഇന്ത്യൻ വനിതാ ലോകകപ്പ് ജേതാക്കളെ ആദരിക്കും; ബുധനാഴ്ച കൂടിക്കാഴ്ച

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ത്യൻ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീം അംഗങ്ങളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകുക.

ഇന്ന് രാവിലെ ബിഹാറിലെ സര്‍ഹസയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കവെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇന്നലെ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ മുംബൈയില്‍ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയിരിക്കുന്നു. 25 വര്‍ഷത്തിനുശേഷം വനിതാ ലോകകപ്പില്‍ പുതിയ ചാമ്പ്യനുണ്ടായിരിക്കുന്നു. ഇത് കായികരംഗത്തെ മാത്രം നേട്ടമല്ല, ഇന്ത്യൻ പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിന്‍റെ തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഈ പെണ്‍കുട്ടികളെല്ലാം ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും വരുന്നവരാണ്. അവരില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും മധ്യവര്‍ത്തി കുടുംബങ്ങളിലുള്ളവരുടെയും കുട്ടികളുണ്ട്. അവരെ ഓര്‍ത്ത് ഞാനും രാജ്യവും അഭിമാനിക്കുന്നു. ലോകകപ്പിൽ ചാമ്പ്യൻമാരായ എല്ലാ പെണ്‍കുട്ടികളുടെയും രക്ഷിതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button