NationalNews

സർക്കാർ ജോലിക്ക് കോഴ! മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് ഇഡി

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6 ന് കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്തയച്ചു. തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർമാർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്‌തികകളിൽ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് ഇഡി പറയുന്നത്.

റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടിവിഎച്ച്, ഡിഎംകെ മന്ത്രി കെഎൻ നെഹ്രുവിന്റെ ബന്ധുവും ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയതെന്ന് ഇഡി പൊലീസിന് അയച്ച കത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയതായാണ് ആരോപണം. 2024–2025, 2025–2026 വർഷങ്ങളിലെ നിയമന പ്രക്രിയയിൽ കൃത്രിമം നടന്നതായും ചില വ്യക്തികൾക്ക് പരീക്ഷാ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചതായും ഇഡി അവകാശപ്പെടുന്നുണ്ട്.

കൈക്കൂലി നൽകിയ 150 ഓളം ഉദ്യോഗാർത്ഥികളെ നിയമിച്ചതായി തെളിവുകൾ സൂചിപ്പിക്കുന്നുവെന്നാണ് ഇഡി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന് അയച്ച കത്തിൽ നിരവധി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരുകൾ ഇഡി പരാമർശിച്ചതായും വിവരമുണ്ട്. എന്നാൽ സംസ്ഥാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് ഇതിൽ അന്വേഷണം ആരംഭിക്കാൻ കഴിയൂ. ഇതിനാലാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button