അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിപ്പിക്കും

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായും ദില്ലിയിലെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടി ആരംഭിച്ചു. വിമാനങ്ങൾ ഉപയോഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിൽ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കൻ ദില്ലിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ ക്ലൗഡ് സീഡിങ് നടത്തിയത്. സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിക്കുക.
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 മിനിറ്റ് മുതൽ 4 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഖേക്ര, ബുരാരി, മയൂർ വിഹാർ, മറ്റ് നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്ലൗഡ് സീഡിംഗ് നടന്നു. എട്ട് ഫ്ലെയറുകൾ ഉപയോഗിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണങ്ങളും ഇന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ കണികകൾ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ക്ലൗഡ് സീഡിങ് നടത്തി 15 മുതൽ 30 മിനിറ്റിനുള്ളിൽ മഴ പെയ്യും. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കിൽ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം. ചിലപ്പോൾ മഴ പെയ്യണമെന്നുമില്ല. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.



