National

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ താഴ്ന്നുപോയി

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി.

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാവിലെയാണ് ശബരിമലയിൽ ദർശനം നടത്താനായി പുറപ്പെട്ടത്. രാജ്ഭവനിൽ നിന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശേഷം ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് എത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് പോയി. പമ്പയിൽ നിന്ന് കെട്ടുനിറച്ച ശേഷം പോലീസിൻ്റെ ഫോഴ്സ് ഗൂർഖാ വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് പോവുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button