KeralaNews

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

വിഷലിപ്തമായ ചുമ മരുന്ന് ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയരായ രണ്ട് കൂട്ടികള്‍ കൂടി മരിച്ചു. ബുധനാഴ് വൈകീട്ടാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ പരസിയ സ്വദേശികളായ നാല്, അഞ്ച് വയസുള്ള കുട്ടികള്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം 22 ആയി. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന വിശാല്‍ എന്ന അഞ്ചുവയസുകാരന്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നാലുവയസുകാന്‍ മായങ്ക് സൂര്യവംശി മരണത്തിന് കീഴടങ്ങിയത് എന്നും ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധീരേന്ദ്ര സിങ് നേത്രി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കുട്ടികള്‍ ഇനിയും നാഗ്പൂരില്‍ ചികിത്സയില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുന്ന സംഭവം തുടരുന്നതിനിടെ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടികളും പുരോഗമിക്കുകയാണ്. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് പ്രത്യേക അന്വേഷണ സംഘം നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിക്ക് എതിരായ നടപടികളും പുരോഗമിക്കുകയാണ്.

കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button