ബിഹാര്‍ തെരഞ്ഞെടുപ്പ്; എഐ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും, സ്റ്റാര്‍ കാമ്പെയ്നര്‍മാരും എഐ കണ്ടന്റുകള്‍ ലേബല്‍ ചെയ്യണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. നിലവില്‍ 50 കോണ്‍ഗ്രസ് സീറ്റുകളില്‍ ധാരണയായി. രണ്ട് സീറ്റുകളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
2020-ല്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമായിരുന്നു ജയിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ കോണ്‍ഗ്രസിന് 55 സീറ്റുകളേ നല്‍കാനാകൂ എന്നായിരുന്നു ആര്‍ജെഡിയുടെ നിലപാട്. 10 സീറ്റുകള്‍ കൂടി വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തില്‍ ചര്‍ച്ച തുടരുകയാണ്.
ചിരാഗ് പസ്വാന്റെ എല്‍.ജെ.പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കുന്നു. എന്‍.ഡി.എയില്‍ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെ.ഡി.യു 107 സീറ്റിലും ബി.ജെ.പി 105 സീറ്റിലും മല്‍സരിക്കും. ശേഷിക്കുന്ന 31 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വീതിച്ചു നല്‍കാനും ആയിരുന്നു തീരുമാനം. 40 മുതല്‍ 54 സീറ്റ് വരെ വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍ രംഗത്തെത്തിയത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു.




