ചീഫ് ജസ്റ്റിസിനു നേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണം; അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കുനേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി. ‘എക്സി’ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സംഭവസമയത്ത് ചീഫ് ജസ്റ്റിസ് ഗവായ് പ്രകടിപ്പിച്ച സംയമനത്തെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. നീതിയുടെ മൂല്യങ്ങളോടും ഭരണഘടനയുടെ അന്തഃസത്തയെ ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ, രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍, ഷൂ ലക്ഷ്യത്തിലെത്തിയിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ലെന്ന്് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ ആക്രണം. ഇങ്ങനെ എഴുതിയ കുറിപ്പും ഇയാളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.


