ശബരിമലയിലെ സ്വർണ്ണപാളി വിവാദം ; സ്വർണ്ണം പൂശിയതിന്റെ വിശദാംശം മഹസറിൽ ഇല്ല, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം : ഹൈക്കോടതി

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 2019ലെ മഹസർ രേഖകൾ പോലും ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വർണ്ണം പൂശിയതിന്റെ വിശദാംശം മഹസറിൽ ഇല്ല. സ്വർണപ്പാളിയെ മഹസറിൽ ചെമ്പാക്കിയത് ക്രമക്കേടിലെ വ്യക്തമായ സൂചനയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട പരാതികളും പ്രത്യേക സംഘം അന്വേഷിക്കും
സ്വർണ്ണം പൂശിയ തകിടുകളെ ചെമ്പ് തകിടുകൾ എന്ന് മാത്രമാണ് 2019ലെ മഹസർ രേഖകളിൽ പരാമർശിച്ചത്. നേരത്തെ സ്വർണ്ണം പൂശിയതിന്റെ വിശദാംശങ്ങൾ ഒന്നുമില്ല. ഇത് അസാധാരണമാണെന്നും ക്രമക്കേടുകൾ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ക്രമക്കേടുകളിൽ സമഗ്രവും വിശദവുമായി അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, 2019 ന് മുമ്പും ശേഷവുമുള്ള ദ്വാരപാലക സ്വർണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാനായി ദേവസ്വം വിജിലൻസിന് അനുമതി നല്കി. സ്ട്രോങ് റൂമിലെ മുദ്ര വച്ച ദ്വാരപാലക പാളികളും പരിശോധിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
2019ൽ ഉണ്ണികൃഷ്ണൻ പോറ്റി മുന്‍ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അയച്ച ഇമെയിൽ വിശദാംശങ്ങളിലാണ് കോടതി ഞെട്ടലും സംശയവും രേഖപ്പെടുത്തുന്നത്. സ്വർണ്ണം ബാക്കി വന്നിട്ടുണ്ടെന്നും അത് നിരാലംബയായ പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് എ പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചത്. പോറ്റി അയച്ച ആദ്യ മെയിലിൽ അഭിപ്രായം അറിയാൻ തിരുവിതാംകൂർ ദേവസ്വം സെക്രട്ടറി തിരുവാഭരണം കമ്മീഷണർക്ക് വീണ്ടും മെയിലായി സന്ദേശം അയച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വര്‍ണം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ മെയിലുകള്‍



